|
ആദര്‍ശജീവിതം ആസ്വാദ്യവും കൂടിയാകുന്നു |
|
|
|
|
ആദര്‍ശപ്രതിബദ്ധതയും ധര്‍മനിഷ്‌ഠയുമുള്ള ജീവിതത്തെ സംബന്ധിച്ച് ഊര്‍ജസ്വലരായ യുവാക്കളില്‍ പലരുടെയും ധാരണ അത് വിരസവും ഉന്മേഷരഹിതവും നിറം മങ്ങിയതുമായിരിക്കുമെന്നാണ്. ആദര്‍ശം മുറുകെ പിടിച്ചാല്‍ അടിപൊളി ജീവിതത്തോട് എന്നെന്നേക്കുമായി വിട പറയേണ്ടിവരുമെന്ന് അവര്‍ ആശങ്കിക്കുന്നു.
മതം കുറെ അനുഷ്‌ഠാനങ്ങളും വിലക്കുകളും അടിച്ചേല്‌പിച്ച് ജീവിതാസ്വാദനത്തിന് തടയിടുന്നു എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. പാന്‍മസാലകളിലൂടെയും ബിയറിലൂടെയും ആനന്ദലഹരി അനുഭവിക്കാതെന്ത് യൗവനം എന്ന് ചിന്തിക്കുന്നവരാണ് ചോരത്തിളപ്പുള്ളവരില്‍ ഗണ്യമായൊരു ഭാഗം. മൃദുലഹരികൊണ്ട് തൃപ്‌തിവരാതെ പൂര്‍ണലഹരിയില്‍ തന്നെ സായൂജ്യം തേടുന്നവരുടെ സംഖ്യയും കുറവല്ല. പരമ്പരാഗത മുസ്‌ലിം സമൂഹങ്ങളില്‍ അടിപൊളി ഭ്രമവും ആസക്തികളും കാട്ടുതീപോലെ ആളിപ്പടരുകയാണ്.
മയക്കു-ലഹരി അനുഭൂതികള്‍ക്ക് പുറമെ യുവതലമുറ ആനന്ദത്തിന്റെ പാരമ്യം തേടുന്നത് രതിമൂര്‍ച്ഛയിലാണ്. വൈവാഹിക ജീവിതത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് ലൈംഗികാനന്ദം തേടിപ്പോകാനേ പാടില്ല എന്ന വിലക്ക് ത്രസിക്കുന്ന കൗമാരത്തോടും യൗവനത്തോടും നീതിപുലര്‍ത്താത്തതാണെന്ന് പല ചെറുപ്പക്കാരും കരുതുന്നു. ദാമ്പത്യത്തില്‍ ഒതുങ്ങുന്നവരില്‍ പോലും പലരും അസാധാരണ അനുഭൂതികള്‍ക്കു വേണ്ടി വയാഗ്രയെയും അതിന്റെ ഇന്ത്യന്‍ പതിപ്പുകളെയും ആശ്രയിക്കുന്നവരാണ്. ലൈംഗികശേഷി കുതിരശക്തിക്കണക്കില്‍ ഓഫര്‍ ചെയ്യുന്ന രസായനങ്ങള്‍ മുമ്പും പലരെയും ഭ്രമിപ്പിച്ചുപോന്നിട്ടുണ്ട്. പലവാജീകാരീകളുടെയും പേരിന്റെ ആദ്യത്തിലോ അവസാനത്തിലോ `ഹോഴ്‌സ്‌പവറി'ലെ പവറുണ്ട്. പരമാനന്ദത്തിന്റെ ശക്തിസങ്കല്‌പം സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്നൊക്കെ ഊഹിക്കാം.
മതം അതിന്റെ വിധിവിലക്കുകളിലൂടെ പരമാനന്ദത്തിന്റെ പല കവാടങ്ങളും കൊട്ടിയടക്കുകയാണെന്ന് ചില നിഷേധികള്‍ ഉറക്കെത്തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. കര്‍ശനമായ സാന്മാര്‍ഗികത കാമ്പസുകളില്‍ നിന്നെങ്കിലും മാറിനില്‍ക്കണമെന്ന് കലാലയങ്ങളിലെ കലഹിക്കുന്ന യൗവനം കുറച്ചുകാലമായി ആവശ്യപ്പെട്ടുവരികയാണ്.
മതഭക്തി എന്നാല്‍ ജീവിത വിരക്തിയാണ് എന്ന ധാരണ ഭൗതികപ്രമത്തരായ ആളുകള്‍ക്കിടയില്‍ മാത്രമല്ല ആത്മീയതയുടെ വഴിയില്‍ പ്രവേശിച്ച ചിലര്‍ക്കിടയിലും വ്യാപകമായിട്ടുണ്ട്. ഭക്തിയുടെ പാരമ്യത്തിന് ഉദാഹരണമായി ചിലര്‍ ചൂണ്ടിക്കാണിച്ചത് ഇശാ നമസ്‌കാരത്തിന് എടുത്ത വുദു മുറിയാതെ അതുമായിത്തന്നെ സ്വുബ്‌ഹ് നമസ്‌കരിക്കുക എന്നതാണ്. രാത്രിയില്‍ മലമൂത്രവിസര്‍ജനം നടത്തുകയോ ജീവിതപങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്‌താല്‍ ഈ `മഹത്വം' കൈവരിക്കാന്‍ കഴിയില്ലല്ലോ! ജീവിതസുഖങ്ങളൊക്കെ അനുഭവിക്കുന്നത് ഭക്തിക്ക് നേര്‍വിപരീതമാണെന്ന് ആദം(അ) മുതല്‍ മുഹമ്മദ് (സ) വരെയുള്ള പ്രവാചകന്മാരാരും പഠിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. അല്ലാഹുവെ ഓര്‍മിച്ചുകൊണ്ടും അവനോട് നന്ദികാണിച്ചുകൊണ്ടും അവന്റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ടും അവന്‍ നല്‍കുന്ന ജീവിതസുഖങ്ങള്‍ അനുഭവിച്ചുകൊള്ളാനാണ് വേദഗ്രന്ഥങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ദഹനേന്ദ്രിയങ്ങളും ജനനേന്ദ്രിയങ്ങളും വിസര്‍ജനവ്യവസ്ഥയും പരമകാരുണികന്‍ അവന്റെ അപാരമായ കാരുണ്യത്താല്‍ സംവിധാനിച്ചിട്ടുള്ളതാണ്. ഭോഗത്തിലും ഭോജനത്തിലും മറ്റും അല്‌പസ്വല്‌പം സംയമനം അല്ലാഹു അനുശാസിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് ജീവിതസുഖങ്ങള്‍ നിഷേധിക്കാന്‍ വേണ്ടിയല്ല. കൂടുതല്‍ ഹൃദ്യമായും ആരോഗ്യകരമായും ജീവിതസുഖങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യരെ പ്രാപ്‌തരാക്കുകയാണ് യഥാര്‍ഥത്തില്‍ ഈ വിഷയകമായ ദൈവികമാര്‍ഗദര്‍ശനം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ആദ്യത്തെ മനുഷ്യരെ, ആദം ദമ്പതികളെ ഭൂമിയിലേക്ക് നിയോഗിക്കുമ്പോള്‍ അവരോട് അല്ലാഹു പറഞ്ഞത്, ``നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിതകാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളും ഉണ്ടായിരിക്കും'' (വി.ഖു 2:36) എന്നായിരുന്നു. സ്വസ്ഥമായും സമാധാനമായും ഈ ലോകത്ത് ജീവിക്കാനും ഇവിടെ ലഭ്യമാകുന്ന ജീവിതവിഭവങ്ങള്‍ ആസ്വദിക്കാനും മനുഷ്യരെ അനുവദിക്കുക എന്നതാണ് അല്ലാഹുവിന്റെ പദ്ധതിയെന്ന് ഈ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു. വിഭവങ്ങളില്‍ ചിലത് പ്രവാചകന്‍ മുഖേന അല്ലാഹു വിലക്കിയത് അവ ദുഷിച്ചതും ദോഷഫലങ്ങള്‍ ഉളവാക്കുന്നവയും ആയതുകൊണ്ടാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ചിട്ടുണ്ട്. ``നല്ല വസ്‌തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.'' (വി.ഖു 7:157)
ജീവിതാലങ്കാരങ്ങള്‍ ഭക്തിക്കും ആത്മവിശുദ്ധിക്കും വിരുദ്ധമാണെന്ന അബദ്ധ ധാരണയെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഖണ്ഡിച്ചിട്ടുണ്ട്. ``പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് വേണ്ടി ഉല്‌പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്‌തുക്കളും വിശിഷ്‌ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവര്‍ക്ക് മാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (വി.ഖു 7:32). വ്രതമനുഷ്‌ഠിക്കുന്ന പകലുകളില്‍ ആഹാരപാനീയങ്ങളും ലൈംഗികാസ്വാദനവും അല്ലാഹു വിലക്കിയിട്ടുണ്ടെങ്കിലും രാത്രികളില്‍ അവയൊക്കെ അനുഭവിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. നിയന്ത്രിതമായ ജീവിതാസ്വാദനമാണ് ശരീരത്തിനും മനസ്സിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായി ഭവിക്കുന്നത് എന്ന യാഥാര്‍ഥ്യം ആധുനിക ആരോഗ്യശാസ്‌ത്ര വിദഗ്‌ധര്‍ ഊന്നിപ്പറയുന്നുണ്ട്.
അതിരുകവിഞ്ഞ ആസക്തികള്‍ പരലോകമോക്ഷം മാത്രമല്ല, ഇഹലോകത്തെ സൗഭാഗ്യങ്ങളും നഷ്‌ടപ്പെടുത്തുമെന്നത്രെ അനേകം ജീവിതശൈലീരോഗങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ആനന്ദലബ്‌ധിക്കും വൈകാരിക സാഫല്യത്തിനും നിദാനമായിട്ടുള്ളത് `കുതിരശക്തി'യാണെന്ന ധരാണ അത്ര ശരിയല്ലെന്ന യാഥാര്‍ഥ്യം പലര്‍ക്കും വൈകിയാണ് ബോധ്യപ്പെടാറുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാരുണ്യവും സ്‌നേഹവുമാണ് കുടുംബസൗഖ്യത്തിന്റെയും ലൈംഗിക സാഫല്യത്തിന്റെയും യഥാര്‍ഥ ആധാരങ്ങള്‍. മാനുഷികമൂല്യങ്ങള്‍ മാറ്റിനിര്‍ത്തി, ഒരു മൃഗമോ യന്ത്രമോ ആയി മാറിക്കൊണ്ട് മനുഷ്യന് ആനന്ദത്തിന്റെ കൊടുമുടിയേറാമെന്ന് കരുതുന്നത് മൗഢ്യമാണ്. കലവറയില്ലാത്ത സ്‌നേഹംകൊണ്ട് സമ്പുഷ്‌ടമായ മനസ്സിന് വൈകാരിക സാഫല്യത്തിലുള്ള നിര്‍ണായക സ്ഥാനം അവഗണിച്ചുകൊണ്ട് മാംസനിബദ്ധമായ ആനന്ദമൂര്‍ച്ചയെ സര്‍വപ്രധാനമായി വിലയിരുത്തുന്നവര്‍ക്ക് ജീവിത സാക്ഷാത്‌കാരം പലപ്പോഴും അപ്രാപ്യമായിരിക്കും. സ്‌നേഹം തുളുമ്പുന്ന മനസ്സുകള്‍ക്ക് കയ്‌പുറ്റ അനുഭവങ്ങള്‍ക്കിടയിലും മധുരനിമിഷങ്ങള്‍ സമ്മാനിക്കാന്‍ പ്രയാസമുണ്ടാവില്ല. നിഷ്‌കളങ്കമായ കാരുണ്യത്തിന് കുമിഞ്ഞുകൂടുന്ന കാലുഷ്യങ്ങളെപ്പോലും അതിവര്‍ത്തിക്കാന്‍ കഴിയും.
ദൈവദത്തമായ കാരുണ്യവും സ്‌നേഹവും കൈവിടാതെ കുടുംബജീവിതം ധന്യമാക്കാന്‍ പഠിപ്പിക്കുന്നതിനു പുറമെ ഇസ്‌ലാം ജീവിതത്തിന്മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും പലവിധത്തിലും സുഖൈശ്വര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നവയാണെന്ന കാര്യം ശ്രദ്ധേയമാകുന്നു. മദ്യവും മയക്കുമരുന്നുകളും അമിതാഹാരവും അഹിതാഹാരവും അവിഹിത വേഴ്‌ചകളും നിരോധിക്കുന്നതിലൂടെ ഇസ്‌ലാം വിശ്വാസികള്‍ക്ക് സ്ഥായിയായ സൗഖ്യവും കരുത്തും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ബിയറും വീഞ്ഞും മറ്റു ചില മദ്യങ്ങളും മയക്കുദ്രവ്യങ്ങളും ലൈംഗികാവേശം ഉണര്‍ത്തുമെന്ന് ധരിച്ചുവശായ ആളുകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെ തികച്ചും മിഥ്യാധാരണയാണെന്ന് ആധുനിക വൈദ്യശാസ്‌ത്രം അനിഷേധ്യമായി തെളിയിച്ചിട്ടുണ്ട്. ഇസ്‌ലാം വിലക്കിയ ആഹാരപാനീയങ്ങളൊക്കെ ആരോഗ്യത്തെയും സൗഖ്യത്തെയും പ്രതികൂലമായി ബാധിക്കുന്നവയാണെന്ന യാഥാര്‍ഥ്യം പരിഗണിക്കുമ്പോള്‍ ആദര്‍ശപ്രതിബദ്ധത ജീവിതത്തെ ആസ്വാദ്യമാക്കിത്തീര്‍ക്കുക കൂടി ചെയ്യുന്നു എന്ന വസ്‌തുത സംശയാതീതമായി തെളിയും.
 |
|
Last Updated on Saturday, 06 March 2010 07:04 |