മുഖാമുഖം


കുടുംബശ്രീ അംഗത്വവും ബാങ്ക്‌ലോണും PDF Print E-mail

ഞാന്‍ ഒരു കുടുംബശ്രീ പ്രവര്‍ത്തകയാണ്‌. ഞങ്ങളുടെ കുടുംബശ്രീ യൂനിറ്റിന്‌ ബാങ്ക്‌ വായ്‌പയായി സഹായം നല്‍കുന്ന ഒരു പദ്ധതിയുണ്ട്‌. ഇതിന്‌ യൂനിറ്റിലെ എല്ലാ അംഗങ്ങളും ഒപ്പ്‌ വെക്കണം. ഒരു മുസ്‌ലിമായ ഞാന്‍ ഒപ്പ്‌ വെക്കാത്തതുകൊണ്ട്‌ ഒരുകൂട്ടം ആളുകള്‍ക്ക്‌ സഹായം കിട്ടാതെ പോവുന്നു. ഒപ്പിട്ടാല്‍ ഞാന്‍ പലിശക്ക്‌ സാക്ഷി നില്‍ക്കുന്നയാളാകും. ഞാന്‍ ഒപ്പിടാത്തതുകൊണ്ട്‌ മുസ്‌ലിമായ വ്യക്തികള്‍ സമൂഹ നന്മക്ക്‌ തടസ്സം നില്‍ക്കുന്നവരാണ്‌ എന്ന ധാരണ വരുന്നു. എന്താണ്‌ ചെയ്യേണ്ടത്‌?

ഉമ്മു ഇബ്‌നു അബ്‌ദുര്‍റഹ്‌മാന്‍ (പുത്തൂര്‍)

കടുത്ത സാമ്പത്തിക പ്രയാസംകൊണ്ടും പലിശരഹിത വായ്‌പ ലഭ്യമല്ലാത്തതുകൊണ്ടും നിര്‍ബന്ധിതാവസ്ഥയിലാണ്‌ ഒരാള്‍ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ശ്രമിക്കുന്നതെങ്കില്‍ അപേക്ഷാഫോറത്തില്‍ സാക്ഷിയായി ഒപ്പിടുന്നതില്‍ തെറ്റില്ല. അത്യാവശ്യമില്ലാതെ, ലോണ്‍കിട്ടും എന്നതുകൊണ്ട്‌ മാത്രം അപേക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടി സാക്ഷിയാകുന്നത്‌ നബിവചനത്തില്‍ വിലക്കിയിട്ടുള്ള `പലിശയ്‌ക്ക്‌ സാക്ഷ്യം വഹിക്കല്‍' എന്ന വകുപ്പിലാണ്‌ ഉള്‍പ്പെടുക. കിട്ടുന്നത്ര ലോണ്‍ വാങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം പെരുകുന്ന കാലത്ത്‌ എല്ലാ ലോണും സമൂഹനന്മയ്‌ക്ക്‌ ഉപകരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌. പാവപ്പെട്ടവരെ സഹായിക്കുകയാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക്‌ പലിശയില്ലാത്ത സഹായം നല്‍കുകയല്ലേ വേണ്ടത്‌? ഹറാമായ കാര്യങ്ങളില്‍ സഹകരിക്കുന്ന കൂട്ടായ്‌മകളില്‍ നിന്ന്‌ അകന്നുനില്‍ക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്ക്‌ അവന്‍ ഐശ്വര്യം നല്‍കുമെന്ന്‌ പ്രതീക്ഷിക്കാം.

നോമ്പ്‌ നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ?


എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ കഴിഞ്ഞ റമദാനില്‍ ഏതാനും നോമ്പുകള്‍ ഒഴിവാക്കേണ്ടിവന്നു. പ്രസവവും മുലകുടിയും കാരണം ഈ റമദാനിനു മുമ്പ്‌ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാനും പറ്റിയില്ല. അസുഖം കാരണം ഈ റമദാനിലും ഏതാനും നോമ്പുകള്‍ ഉപേക്ഷിക്കേണ്ടിവരും. നഷ്‌ടപ്പെടുത്തിയ നോമ്പിനുള്ള പ്രായശ്ചിത്തമെന്താണ്‌? ഭാര്യക്ക്‌ പ്രയാസമായതിനാല്‍ നഷ്‌ടപ്പെട്ട നോമ്പ്‌ ഭര്‍ത്താവിന്‌ നോറ്റുവീട്ടാം എന്ന്‌ കേള്‍ക്കാനിടയായി. ഇത്‌ ശരിയാണോ?

അബ്‌ദുര്‍റശീദ്‌ (കോഴിക്കോട)

നോമ്പ്‌ നോറ്റുവീട്ടുക ഏറെ പ്രയാസകരമായിത്തീരുന്ന സാഹചര്യത്തില്‍ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയാകും. ഒരു ദിവസത്തെ നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം എന്ന നിലയില്‍. 2:184 ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇതാണ്‌ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞിട്ടെങ്കിലും വലിയ പ്രയാസം കൂടാതെ നോറ്റുവീട്ടാന്‍ കഴിയുമെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പ്‌ നോറ്റുവീട്ടിയാല്‍ മതി. നോറ്റുവീട്ടുന്നതിനു പുറമെ പ്രായശ്ചിത്തം നല്‍കുകയും വേണമെന്‌ ചുരുക്കം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഗര്‍ഭിണിയും മുലയൂട്ടുന്ന സ്‌ത്രീയും നോമ്പ്‌ ഉപേക്ഷിച്ചാല്‍ അടുത്ത റമദാനിനു മുമ്പ്‌ നോറ്റ്‌ വീട്ടിയേ തീരൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. നോമ്പ്‌ നോറ്റുവീട്ടാന്‍ ബാക്കിയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ആ നോമ്പ്‌ ഏറ്റവും അടുത്ത ബന്ധു നോറ്റുവീട്ടേണ്ടതാണ്‌ എന്നതിന്‌ ഹദീസില്‍ തെളിവുണ്ട്‌. എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കു വേണ്ടി മക്കളോ ഭര്‍ത്താവോ മറ്റോ നോമ്പ്‌ നോല്‍ക്കണമെന്ന്‌ അല്ലാഹുവോ റസൂലോ കല്‍പിച്ചിട്ടില്ല. നോമ്പെടുക്കാന്‍ ഏറെ പ്രയാസമുള്ള ഭാര്യയ്‌ക്കു വേണ്ടി ഭര്‍ത്താവിന്‌ ചെയ്യാനുള്ളത്‌ പ്രായശ്ചിത്തം നല്‍കുകയാണ്‌.

സ്‌ത്രീകള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ?


സ്‌ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണുള്ളത്‌ എന്ന ഖുര്‍ആനികാശയത്തിന്റെയും ലക്ഷത്തില്‍പരം പ്രവാചകരില്‍ ഒരാളെപോലും സ്‌ത്രീകളില്‍ നിന്ന്‌ നിയമിക്കാതിരുന്നതിന്റെയും ഭരണാധികാരം സ്‌ത്രീയെ ഏല്‍പിച്ച ജനത വിജയിക്കുകയില്ല എന്ന തിരുവചനത്തിന്റെയും അടിസ്ഥാനത്തില്‍ അന്യപുരുഷന്മാരോട്‌ ഇടകലര്‍ന്നും അല്ലാതെയും സ്‌ത്രീകള്‍ മത-രാഷ്‌ട്രീയ പൊതുവേദികളില്‍ പ്രസംഗകരായും പ്രബോധകരായും മറ്റും പ്രത്യക്ഷപ്പെടുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ വിജയിച്ച്‌ അധികാരം കയ്യാളുന്നതും ഇസ്‌ലാം എങ്ങനെ നോക്കിക്കാണുന്നു?
ഉമര്‍ കെ ആമയൂര്‍ (മഞ്ചേരി)

സ്‌ത്രീകളുടെ സംരക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഉത്തരവാദിത്തം വഹിക്കേണ്ടത്‌ പിതാവ്‌, ഭര്‍ത്താവ്‌, സഹോദരന്‍ എന്നിങ്ങനെയുള്ള അടുത്ത പുരുഷബന്ധുക്കളാണ്‌. എന്നാല്‍ സ്‌ത്രീകള്‍ ജോലി ചെയ്യുന്നതോ മതപ്രബോധനം, സാമൂഹ്യപ്രവര്‍ത്തനം എന്നിവ നടത്തുന്നതോ തെറ്റാണെന്ന്‌ അതിന്‌ അര്‍ഥമില്ല. അന്യപുരുഷന്മാരെ മോഹത്തോടെ നോക്കുക, അവരുടെ കൂടെ തനിച്ചാവുക എന്നിങ്ങനെ വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജിക്കുകയും ഇസ്‌ലാമിക പെരുമാറ്റ മര്യാദകള്‍ പാലിക്കുകയും ചെയ്‌തുകൊണ്ട്‌ ഹലാലായ എല്ലാ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിംസ്‌ത്രീകള്‍ക്ക്‌ ഏര്‍പ്പെടാവുന്നതാണ്‌. എന്നാലും പുരുഷന്മാരുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ ഇടപെടുന്നതിന്‌ പല പരിമിതികളും ഉണ്ടാവുക സ്വാഭാവികമാണ്‌. അതുകൊണ്ടായിരിക്കാം അല്ലാഹു പ്രവാചകന്മാരായ സ്‌ത്രീകളെ നിയോഗിക്കാതിരുന്നത്‌.

ഭരണാധികാരം സ്‌ത്രീയെ ഏല്‌പിച്ച ജനതയെ സംബന്ധിച്ച ഹദീസ്‌ എക്കാലത്തേക്കും എല്ലാ സമൂഹങ്ങളിലേക്കും ബാധകമാണോ എന്നത്‌ സൂക്ഷ്‌മപഠനം ആവശ്യമുള്ള കാര്യമാണ്‌. സബഇലെ (ഷേബാ) രാജ്ഞിയെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ 27:33 മുതല്‍ 27:44 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ സൂക്തങ്ങളിലൊന്നും ഒരു സ്‌ത്രീ അധികാരിയായതോ സ്‌ത്രീയെ അധികാരിയാക്കിയതോ തെറ്റാണെന്ന്‌ പറഞ്ഞിട്ടില്ല. സ്‌ത്രീകള്‍ രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ തീര്‍ത്തും നിഷിദ്ധമാണെന്ന്‌ പറയാന്‍ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ തെളിവ്‌ കാണുന്നില്ല.

ഖുര്‍ആന്‍ കാലാതിവര്‍ത്തിയല്ലെന്നോ?


`വസഖ്‌ഖറശ്ശംസ വല്‍ഖമറ കുല്ലുന്‍ യജ്‌രീ ഇലാ അജലിന്‍ മുസമ്മാ', `ജന്നാത്തിന്‍ തജ്‌രീ മിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' തുടങ്ങിയ വാചകങ്ങള്‍ ഖുര്‍ആനില്‍ വളരെയധികം തവണയുണ്ടല്ലോ. പതിനാല്‌ നൂറ്റാണ്ടു മുമ്പവതരിച്ച, ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായി നിലകൊള്ളേണ്ട, അമാനുഷികത അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ ഇത്തരത്തില്‍ ഒരേ വാചകങ്ങള്‍ തന്നെ പലവുരു ആവര്‍ത്തിച്ചിരിക്കുന്നതിന്റെ സാംഗത്യമെന്താണ്‌? കാര്യങ്ങള്‍ സംക്ഷിപ്‌തമായും കാര്യമാത്ര പ്രസക്തമായും വൃഥാസ്ഥൂലത വരാതെയും സമര്‍പ്പിക്കുകയായിരുന്നില്ലേ ഖുര്‍ആന്‍ വേണ്ടിയിരുന്നത്‌?

അബൂഅമാന (ഷാര്‍ജ)

ആരെ പ്രവാചകനാക്കണം, ഏത്‌ ഭാഷയില്‍ വേദഗ്രന്ഥമവതരിപ്പിക്കണം, വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണം എന്നൊക്കെ അല്ലാഹുവാണ്‌ തീരുമാനിച്ചത്‌. ആ തീരുമാനത്തിന്റെ ന്യായവും പ്രസക്തിയും നമുക്ക്‌ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. നമ്മുടെ അറിവിന്‌ ഏറെ പരിമിതിയുണ്ട്‌. മനുഷ്യര്‍ രചിക്കുന്ന വൈജ്ഞാനികവും കാല്‌പനികവും മറ്റുമായ ഗ്രന്ഥങ്ങളുടെ രൂപവും ക്രമവുമാണ്‌ നമുക്ക്‌ പരിചയമുള്ളത്‌. ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ആദര്‍ശാധിഷ്‌ഠിതമായ ജീവിതം നയിച്ചാല്‍ ഇഹത്തിലും പരത്തിലും ധന്യത നല്‌കി പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധിയും ധിക്കാരിയുമായി ജീവിച്ചാല്‍ നാഥന്‍ ശാശ്വത ശിക്ഷ നല്‌കാന്‍ സാധ്യതയുണ്ടെന്ന്‌ താക്കീത്‌ നല്‌കാനുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഘടനാപരമായി മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാവുക സ്വാഭാവികമാണ്‌.

`വസഖ്‌ഖറശ്ശംസ-അജലിന്‍ മുസമ്മാ' എന്ന ഖുര്‍ആന്‍ വാക്യം ഭൂമിയിലെ ജീവിതത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ രണ്ടു ഘടകങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ``സൂര്യനെയും ചന്ദ്രനെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു. അവ ഓരോന്നും നിര്‍ണിതമായ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കും'' എന്നാണ്‌ ഈ വാക്യത്തിന്റെ പരിഭാഷ. സൂര്യനെ ഭൂമിയില്‍ നിന്ന്‌ നിശ്ചിത അകലത്തില്‍ നിലകൊള്ളുന്നതും വ്യവസ്ഥാപിതമായി സഞ്ചരിക്കുന്നതുമായി പ്രപഞ്ചനാഥന്‍ വിധേയമാക്കിയതുകൊണ്ടാണ്‌ ഭൂമിയിലെ ജീവ-സസ്യജാലങ്ങള്‍ സമൃദ്ധമായി വളരുന്നതും നിലനില്‌ക്കുന്നതും. ചന്ദ്രഗതിയാണ്‌ ഭൂമിയിലെ ഒട്ടേറെ പ്രതിഭാസങ്ങള്‍ക്ക്‌ നിദാനമായിട്ടുള്ളത്‌. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ കാലഗണനയ്‌ക്ക്‌ അടിസ്ഥാനമാകുന്നു. നിലാവിന്റെ മനോഹാരിത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ നാഥന്റെ അറിവിന്റെയും കഴിവിന്റെയും അനുഗ്രഹത്തിന്റെയും തെളിവെന്ന നിലയില്‍ സൗര-ചാന്ദ്ര വ്യവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. ഖുര്‍ആനിലെ 104 അധ്യായങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ ഈ വാക്യം വന്നിട്ടുള്ളൂ. ആകാശഗോളങ്ങളില്‍ നമ്മുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട രണ്ടെണ്ണത്തിന്റെ നിശ്ചിതമായ ഭ്രമണ പരിക്രമണങ്ങളെ സംബന്ധിച്ച്‌ നാലു തവണ ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചത്‌ അസംഗതമാണെന്ന്‌ പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല.

`ജന്നാത്തിന്‍ തജ്‌രീമിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' എന്നതിന്‌ `താഴ്‌ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍' എന്നാണര്‍ഥം. പരലോകത്തെ സ്വര്‍ഗീയ ഉദ്യാനങ്ങളെക്കുറിച്ചാണ്‌ ഈ പരാമര്‍ശം. അനന്ത കാലത്തേക്ക്‌ നല്ല മനുഷ്യര്‍ക്ക്‌ അല്ലാഹു നല്‌കുന്ന സ്വര്‍ഗീയ സൗഭാഗ്യങ്ങളെ സംബന്ധിച്ച്‌ സന്തോഷവാര്‍ത്ത നല്‌കുക എന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളില്‍ അതിപ്രധാനമായ ഒന്ന്‌. ധര്‍മനിഷ്‌ഠയുള്ള വിശ്വാസികളുടെ മഹത്വങ്ങള്‍ വിവരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അവര്‍ക്ക്‌ ലഭിക്കാനിരിക്കുന്ന അനര്‍ഘമായ സമ്മാനങ്ങളെക്കുറിച്ച്‌ അനേകം സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്‌. സ്വര്‍ഗീയ ഉദ്യാനങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്‌ അവയ്‌ക്ക്‌ കീഴിലൂടെ അരുവികള്‍ ഒഴുകുന്നു എന്നതാണ്‌. ഭൂമിയിലെ ഉദ്യാനങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകത്വം ഉളവാക്കുന്നത്‌ പൊയ്‌കകളുടെയും ജലധാരകളുടെയും മറ്റും സാന്നിധ്യമാണല്ലോ. സല്‍കര്‍മകാരികളായ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‌കുന്ന ശാശ്വത സൗഭാഗ്യത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക എന്നത്‌ തികച്ചും ഉചിതമായ കാര്യമാകുന്നു. ആദര്‍ശജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ആദര്‍ശനിഷ്‌ഠയുടെ സദ്‌ഫലത്തെപ്പറ്റി യാതൊന്നും പറയാതിരിക്കുന്നതാണ്‌ അനൗചിത്യം.

Share/Save/Bookmark